കഥ | രഞ്ജിത് ശിവരാമൻ
കൂന്തൾ
‘ടുഡേ ഈവെനിംഗ് വീ ഹാവ് ഫിഷ് ഡെലിവറി. അവൈലബിൾ ഫിഷ് – കരിമീൻ, ചെമ്മീൻ, കാളാഞ്ചി, കായൽ കൊഞ്ച് , വെളൂരി, കൂന്തൾ ‘
നല്ല മീൻ കിട്ടിയാൽ മെസ്സേജ് ഇടണം എന്ന്, സുഹൃത്തിനോട് പറഞ്ഞിരുന്നു. ലോക്ക്ഡൗണിൽ തുടങ്ങിയ പുതിയ സംരംഭം, നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.
കൂന്തൾ ; കൂരിരുട്ടിൽ മുടിയഴിച്ചിട്ടു കരയുന്നവളുടെ എങ്ങലടിയുടെ ശബ്ദം വീണ്ടും മുഴങ്ങുന്നു. ഒമ്പത് വയസ്സായ തന്റെ മകനു പോലും അയാൾ ഇതു വരെ ‘കൂന്തൾ’ വാങ്ങി കൊടുത്തിട്ടില്ല. വെറുപ്പല്ല, ഭീതിയല്ല, വർഷങ്ങളായിട്ടും ദഹിച്ചു തീരാതെ നെഞ്ചു നീറുന്ന കൂന്തൾ.
പണ്ട്, കൊറോണക്കും, പ്രളയങ്ങൾക്കും, നിപ്പക്കും മുൻപ്, പാലക്കാട് പിച്ചക്കാശിനു പണിയെടുത്തിരുന്ന കാലം. സർ എന്ന വിളിയോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നിയിരുന്ന കാലം. കമ്പനിയിലെ അസംഖ്യം ദിവസവേതനക്കാരിൽ ഒരാളായിരുന്നെങ്കിലും, സത്യനെ അയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . സത്യൻ രസികനായിരുന്നു. മേലുദ്യോഗസ്ഥന്മാരുടെ ദാക്ഷിണ്യമില്ലാത്ത തെറിവിളി കേട്ട് അയാൾ തലകുനിച്ചു നിൽക്കുമ്പോൾ, സത്യൻ അയാൾക്ക് കുടിക്കാൻ വെള്ളം കൊടുക്കാറുണ്ടായിരുന്നു. ‘സാമി’ സിനിമ അയാൾ കാണാൻ കാരണം സത്യന്റെ നിറുത്താതെയുള്ള നിർബ്ബന്ധം മാത്രമാണ്.
തുലാവർഷം തകർത്താടിയ ഒരു ഞായറാഴ്ച ആയിരുന്നു അത്. പാലക്കാട് വന്നിട്ട് ഇത് വരെ മലമ്പുഴ കണ്ടിട്ടില്ല. ‘ഇന്ന് തന്നെ പോണോ?’ ജെയിംസ് ചോദിച്ചു. അയാൾ ജെയിംസിന്റ കണ്ണുകളിലേക്ക് നോക്കി .തനിക്ക് ഈ ജോലി വാങ്ങി തന്നത് ജെയിംസ് ആണ്. മറ്റൊരു മഴക്കാലം അയാളോർത്തു. അതിരാവിലെ വന്ന ഒരു ഫോൺ കാൾ. ‘ഡാ, എനിക്ക് സംസാരിക്കാനുണ്ട്. നേരിട്ട് കാണണം. ഇന്നു കണ്ടില്ലെങ്കിൽ പിന്നെ നീ എന്നെ കാണില്ല.’ അന്നു തന്നെ സൂപ്പർഫാസ്റ്റിൽ കയറി ജെയിംസിന്റെ വീട്ടിൽ ചെന്നു. പ്രതീക്ഷിച്ച പോലെ പത്തു വർഷത്തെ പ്രണയത്തിന്റെ ജീവിക്കുന്ന സ്മാരകം അവിടെ കണ്ടു. അവന്റെ കണ്ണുകളിൽ ഒളിച്ചിരിക്കുന്ന ‘രംഗബോധമില്ലാത്ത കോമാളി’യെ കണ്ടു. വാക്കുകൾ വിവസ്ത്രരാവുന്നതും മൗനം മണിമഞ്ചലേറുന്നതും അനുഭവിച്ചറിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു മടങ്ങുമ്പോൾ ജെയിംസിന്റെ അമ്മയുടെ കണ്ണിൽ നിന്ന് ഒരായിരം ഗദ്ഗദങ്ങൾ അനുഗ്രഹങ്ങളായി തന്റെ മൂർദ്ധാവിൽ തൊടുന്നത് അയാളറിഞ്ഞു.
‘അല്ലെങ്കിൽ സാരമില്ല. മഴയെങ്കിൽ മഴ, നമുക്കിറങ്ങാം.’ ജെയിംസ് ഒരുങ്ങിക്കഴിഞ്ഞു.
ചെന്നപ്പോൾ തോന്നി വരേണ്ടിയിരുന്നില്ല. ഉദ്യാനം വിജനം. തങ്ങൾ രണ്ടു പേരും മാത്രം. ‘മലമ്പുഴയിൽ, എപ്പോൾ വന്നാലും സർ വിളിക്കാൻ മറക്കരുത്.’ സത്യനെ ഓർമ വന്നു. ‘ഇപ്പം വിളിക്കാം. അപ്പുറത്തെ വീടാണ് സത്യന്റെ.’ ഫോൺ എടുത്ത വൃദ്ധ സ്വരത്തിൽ നേരിയ മുറുമുറുപ്പ്. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോളാണ് സത്യൻ വന്നത്. ‘ഹലോ, സത്യനാണ്. ആരാ വിളിക്കുന്നേ? ഓ, സാറാണോ? എന്താ സാറെ? ഓ, ഇവിടെയോ?ഓക്കേ ഓക്കേ .ഞാൻ ഇപ്പോ വരാം. ഒരു അരമണിക്കൂർ.’ സത്യൻ ഫോൺ വച്ചു.
നല്ല വിശപ്പുണ്ട്. കടകൾ മിക്കവാറും അടവാണ്. ഒടുവിൽ ഒരു ഹോട്ടൽ കണ്ടു. എന്നാൽ സത്യനും കൂടെ വരട്ടെ. സത്യൻ പറഞ്ഞ സമയത്ത് തന്നെ വന്നു. സ്വതസിദ്ധമായ മന്ദഹാസത്തോടെ ചോദിച്ചു. ‘സർ, വല്ലതും കഴിച്ചോ?’
ഒരുമിച്ചു കഴിക്കാമെന്നു പറഞ്ഞപ്പോൾ സത്യൻ ഹാപ്പി. ജെയിംസിന് എതിർപ്പില്ല.
‘ഊണ് കഴിച്ചാൽ പോരെ?’ ജെയിംസ് ചോദിച്ചു
‘ഇവിടെയെന്താ കഴിക്കാൻ?’ ഒരു ചെറുപ്പം പയ്യനായിരുന്നു സപ്ലൈയർ.
‘മൂന്ന് ഊണ്. എന്താണ് സ്പെഷ്യൽ?’ -സത്യൻ
‘ചിക്കനുണ്ട്, മട്ടനുണ്ട്, ഹാ… പിന്നെ കൂന്തളുണ്ട്’.
‘എനിക്ക് കൂന്തൾ മതി’. അയാൾ പറഞ്ഞു.
എന്നാൽ മൂന്ന് കൂന്തൾ എടുത്തോ’. സത്യൻ അനുവാദം ചോദിക്കുന്ന പോലെ ജെയിംസിനെ നോക്കി. അനുവാദം കിട്ടി.
നല്ല പച്ചകുരുമുളക് അരച്ച് എരിവു കൂട്ടി വറുത്തെടുത്ത, ആവി പറക്കുന്ന കൂന്തൾ, വാഴയിലയിൽ വന്നു. ഇന്നും, ആ ഗന്ധവും, സ്വാദും മറക്കാനാവുന്നില്ല.
‘സത്യന്റെ വീട് ഇവിടെ അടുത്താണോ?’
‘അതെ സാറേ, ആഞ്ഞു നടന്നാൽ ഇരുപതു മിനിറ്റ് ‘.
സത്യൻ എന്തേ തങ്ങളെ വീട്ടിലേക്ക് ക്ഷണിക്കാത്തെ എന്ന് അയാൾ മനഃപൂർവം ചോദിച്ചില്ല.
യാത്ര പറയുമ്പോൾ, സത്യന്റെ കണ്ണുകളിൽ ഒളിച്ചിരുന്നത് ആരാണെന്നറിയാൻ, പിറ്റേ ദിവസം വരെ കാത്തിരിക്കേണ്ടി വന്നു.
ജെയിംസ് ആണ് ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ച്, ആ വാർത്തയറിയച്ചത്.
‘സത്യൻ തൂങ്ങിമരിച്ചു ‘.
കൂന്തൾ ഒരിക്കലും ദഹിക്കാതെ വയറ്റിനുള്ളിൽ കിടന്ന് ശ്വാസം മുട്ടുന്നതായി അയാൾക്ക് തോന്നി. എത്ര നിർബന്ധിച്ചിട്ടും ബില്ലു കൊടുക്കാൻ സമ്മതിക്കാതെ, ക്യാഷ് കൗണ്ടറിൽ വച്ച് സത്യൻ പറഞ്ഞ വാക്കുകൾ, മുഴങ്ങുന്നു.
‘സാറേ, കൂന്തൾ എനിക്കും ഇഷ്ടമാ സാറെ. പിന്നെ സാറ് എന്റെ നാട്ടിൽ വന്നിട്ട്, ഒരു കൂന്തൾ എങ്കിലും വാങ്ങിത്തരാൻ പറ്റിയില്ലെങ്കിൽ, പിന്നെ ഞാൻ എന്തിനാ സാറെ ജീവിച്ചിരിക്കുന്നേ.’
ഇന്നു ഞാൻ കൂന്തൾ ഓർഡർ ചെയ്യും സത്യാ. ഒമ്പതു വയസ്സായ എന്റെ മകന് ഒരു കൂന്തൾ എങ്കിലും വാങ്ങികൊടുക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ എന്തിനാ ജീവിച്ചിരിക്കുന്നേ. തുലാവർഷത്തിന്റെ തിരതല്ലലിൽ അയാൾക്കായി എവിടെയോ ഒരു കൂന്തൾ കാത്തിരുന്നു….
My sincere gratitude to Puzha Magazine (The First online magazine in Malayalam)which is based in Aluva,Kerala,India. for originally publishing my Story 'Koonthal ( The Squid)' on 19th November 2020.